
തിരുവനന്തപുരം ഉത്സവ ചടങ്ങുകളുടെയും ഘോഷയാത്രകളുടെയും പേരിൽ പൊതുവഴി തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്ന് ഡിജിപി. ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി കർശനമായി നടപ്പാക്കണമെന്നും പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ പറയുന്നു.
ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. റോഡ് പൂർണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും സംബന്ധിച്ച ഹൈക്കോടതി വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
രാഷ്ട്രീയ പാർട്ടികൾ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെയും കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഇത്തരം സമ്മേളനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിനെ ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചതോടെയാണിത്.











